Wednesday, May 10, 2017

Welcome


പ്രിയ അധ്യാപകരേ,

സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‍ക്കരിച്ച് നടപ്പിലാക്കുന്ന 'നവകേരളമിഷന്‍' പദ്ധതിയുടെ ഭാഗമായ 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ' പരിപാടിയിലൂടെ വിദ്യാലയാന്തരീക്ഷത്തിലും നടത്തിപ്പിലും പഠന-ബോധനരീതികളിലും അക്കാദമികവും ഭൗതികവുമായ സമൂലമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതൊടനുബന്ധിച്ച്, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങള്‍ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സെക്കണ്ടറി, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 45000ഓളം വരുന്ന ക്ലാസ്‌മുറികളില്‍ ഹൈടെക് സൗകര്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയാണ്. ഇതിന്റെ 'പൈലറ്റ്' പദ്ധതി നാല് നിയോജകമണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. സ്കൂളുകളില്‍ സ്‌മാര്‍ട്ട് ക്ലാസ്‌മുറികളും വിവരസാങ്കേതികവിദ്യാസൗകര്യങ്ങളും നിലവില്‍ വരുന്ന ഈ സന്ദര്‍ഭത്തില്‍ ഇത് ഉപയോഗിച്ചുള്ള ക്ലാസ്റൂം വിനിമയം അടിയന്തിരമായി നാം ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. മുഴുവന്‍ അധ്യാപകരിലും വിവരസംവേദനവിദ്യ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം ഉറപ്പ് വരുത്തിക്കൊണ്ട് മാത്രമേ നമ്മുടെ വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബോധനപ്രക്രിയ നമുക്ക് ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ.


സെക്കണ്ടറിവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ ഹൈസ്‌കൂളുകളില്‍ ഐ.സി.ടി പഠനം 2002-ല്‍ ആരംഭിച്ചത്. .സി.ടി ശാക്തീകൃതപഠനമാണ് നാം വിഭാവനം ചെയ്യുന്നത്. പഠനത്തിലും അധ്യയനത്തിലും ഇതുപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥിയോടൊപ്പം അധ്യാപകരും അടിസ്ഥാന ഐ.ടി നൈപുണികള്‍ ആര്‍ജിക്കേണ്ടതുണ്ടായിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി, പഠന-ബോധനപ്രക്രിയയില്‍ ഇതിനുള്ള അവസരം ലഭിക്കത്തവിധമാണ് ഐ.സി.ടി പാഠ്യപദ്ധതി നാം നടപ്പാക്കിയിരുന്നത്. ഓരോ അധ്യാപകനും ഐ.സി.ടി പാഠപുസ്‌തകം വിനിമയം നടത്താന്‍ സജ്ജനാകണം എന്നത്, കേരളത്തിലെ ഹൈസ്‌കൂള്‍ അധ്യാപകരില്‍‌ അടിസ്ഥാന ഐ.ടി നൈപുണികള്‍ ഉറപ്പ് വരുത്താന്‍ ഒരവോളം സഹായിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി, വിവിധ തരത്തിലുള്ള പരിശീലനപരിപാടികള്‍ ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി ഐ.ടി@സ്കൂള്‍ പ്രോജക‌്ട് ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ലോവര്‍ പ്രൈമറി മുതല്‍ സെക്കണ്ടറി തലം വരെയുള്ള ഐ.സി.ടി പാഠപുസ്‌തക പരിശീലനങ്ങളെല്ലാം ഐ.സി.ടി ശാക്തീകൃത പഠനത്തിനുതകുന്ന സങ്കേതങ്ങളും സന്ദര്‍ഭങ്ങളും പരിചയപ്പെടാനും പ്രയോഗത്തില്‍ വരുത്താനുമുള്ള വേദികളായിരുന്നു.

.ടി@സ്‌കൂള്‍ പ്രോജക്‌ട് ഇതുവരെ നല്‍കിയ അധ്യാപകപരിശീലനങ്ങളുടെ തുടര്‍ച്ച എന്ന രീതിയിലാണ് ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്ന ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് മൂന്ന് ദിവസങ്ങളായുള്ള ഈ പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.

No comments:

Post a Comment